Wednesday, July 15, 2009












ശൈശവ സ്മരണകള്‍



ബാല്യത്തേക്കാളും കൌമാരത്തേക്കാളും മാധുര്യം വഴിയും മുത്തശ്ശിയോടൊത്തുള്ള ശൈശവ സ്മരണകള്‍ !!

പുലര്‍കാലേയുണരേണ്ട, ജനല്‍ തള്ളിത്തുറന്നുവരും രശ്മികളേ പുല്‍കി പുഞ്ചിരിക്കാം വൃഥാ സ്വപ്നം കാണാം..

പാല്‍ തണുത്തു പോകുമെന്നടുക്കളയില്‍ നിന്നു മുത്തശ്ശി, ഞാനോ കോഴിക്കുഞ്ഞുങ്ങളുടെ പിറകേ മുറ്റത്തേക്കും..

കോരിയെടുത്തു മുത്തശ്ശി പല്ലും തേപ്പിച്ചു പൂണ്ടടക്കം പിടിച്ചു
പ്രാതലും കഴിപ്പിച്ചന്ന്...

സ്നേഹിതര്‍ക്കോ പഞ്ഞമുണ്ടോ! ആക്രി, അരയത്തി, മലക്കറിക്കാര്‍
‍അലക്കു, കൃഷി, ഈയം പൂശുകാര്‍ !

സ്ഥിരം യാചകര്‍ , വഴിപോക്കര്‍ , മുറ്റത്തേ ചെന്തെങ്ങിലെ ഓന്തും കാക്കക്കുഞ്ഞും എനിക്കു ഹാ...പഥ്യം

ചീര, വെണ്ട, വഴുതന, പാവയ്ക്കകള്‍ തോട്ടത്തില്‍ , നുള്ളിയെടുക്കാന്‍ മുത്തശ്ശിയോടുള്ള മത്സരവും ഗംഭീരം!

ആ നറുനെയ്യും ചീരത്തോരനും കരിമീനും ചേര്‍ത്തുരുട്ടി വായില്‍ത്തരും മുത്തശ്ശീ,... അതിനു മധുരമാണ്.....

ഉച്ചയുറക്കം വരാത്തയെന്നേ ചേര്‍ത്തു പിടിച്ചു കിടത്തിയുറക്കാന്‍ പ്രത്യേക പ്രാഗത്ഭ്യം പ്രകടിപ്പിക്കും മുത്തശ്ശീ..

നീട്ടിയ കാലില്‍ക്കിടന്നു ചേക്കേറും പക്ഷികളും പഞ്ഞി മരവും വെണ്മേഘങ്ങളും കണ്ടു ഒരു സ്വപ്ന ജീവിയായ്ത്തീര്‍ന്നു ഞാനും!!

വിരിച്ച പായില്‍ പഴം പാട്ടും പള്ളി പാട്ടും നാട്ടു കഥകളുമായി മുത്തശ്ശി...ഇളം കാറ്റില്‍ കളിപ്പാട്ടങ്ങളുമായി ഞാനും!

അക്ഷരമറിയും മുന്‍പേ ഹൃദിസ്ഥമാക്കിയ പ്രാര്‍ത്ഥനകള്‍
സന്ധ്യകളേയും മുഖരിതമാക്കി...

ഉറിയിലേ മീന്‍ കറിയും ചമ്മന്തിയും ഏത്തക്കാ മെഴുക്കുപുരട്ടിയും കൂട്ടിയൊരൂണും...

ചീവീടുകളും ഓവിലൂടെ വരും തവളകളും അവയെ പിടിക്കാന്‍ ഞാനും നിശാശലഭങ്ങളും മച്ചിലേ പല്ലിയും എല്ലാം കൂട്ടുകാര്‍ ...

ഒരിക്കലും വറ്റാത്ത സ്നേഹ നീരുറവയാം മുത്തശ്ശിയും എത്ര കേട്ടാലും മതിവരാത്ത കഥകളും

ഒരിക്കല്‍പ്പോലും പേടിച്ചുണരാത്ത രാവുകളും ചേര്‍ന്നോരെന്‍ ശൈശവം..ഒന്നുകൂ‍ടി ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍ ......

Saturday, January 31, 2009

എന്റെ എല്ലാ കലാലയ സുഹൃത്തുക്കള്‍ക്കും വേണ്ടി ഇതു സമര്‍‌പ്പിക്കുന്നു......










കലാലയ സ്മരണകള്‍‌

ഒരു തുടി കൊട്ടിന്റെ താളത്തില്‍‌ നമ്മള്‍
മതി മറന്നാടിയ നാളുകള്‍‌ ഓര്‍‌ക്കവേ

ഒരു മാത്ര കൂടിയൊന്നൊരുമിച്ചു കൂടുവാന്‍‌
ഇന്നെനിക്കുണ്ടൊരു മോഹം

ഒരേ താളത്തിലൊരു രാഗത്തില്‍‌ നാം
ഒന്നായ് പാടിയ പാട്ടുകള്‍ ഓര്‍ക്കുന്നു ഞാന്‍‌

കയ്യുകള്‍‌ കോര്‍‌ത്തു നാം നടന്നോരാ
കായലോരങ്ങളും പാതയോരങ്ങളും

സ്നേഹ വസന്തങ്ങള്‍ ശിശിരങ്ങളും
ഹേമന്തങ്ങളും ഒടുവില്‍ ഗ്രീഷ്മവുമായി

തീര്‍ഥ യാത്രകളും പൊട്ടിച്ചിരികളും
സൗഹൃദ പാരകളും പിന്നെ പലതും

പുഞ്ചിരിയോടോര്‍‌ക്കുന്നു ഞാന്‍‌
ഇന്നവയെല്ലാം ഒരിക്കല്‍ക്കൂടി

മറക്കില്ലവയെന്നുമെന്‍ സിരകളില്‍ രക്തം
ചുവപ്പാണെന്നാ നാള്‍‌ വരെ

കാത്തു നില്‍ക്കില്ല കാലം
തിരിയുന്നു കാലചക്രം

കാണുന്നൂ മനക്കാമ്പില്‍‌ വീണ്ടും
നമ്മളെയൊക്കെ വിദൂരതയില്‍

തിരികെ വരില്ലാനാളുകളെന്നാലും
മോഹിക്കുന്നൂ ഞാനവക്കായ് വൃഥാ.........


എഴുതിയത്:

സുനിത ജിജൊ ഫ്ലവര്‍ഹില്‍

Followers